തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നിയുക്ത കോൺഗ്രസ് എംഎൽഎമാരുമായി എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടങ്ങി. തിരുവനന്തപുരത്തുള്ള എംഎൽഎമാരെ ഓരോരുത്തരെയാണ് നിരീക്ഷകർ കാണുന്നത്.
കെ.സുധാകരൻ, വി.എം.സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. അതേസമയം പി.ജെ. കുര്യൻ ഉൾപ്പടെയുള്ളവർ തലസ്ഥാനത്ത് തുടരുന്നുണ്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവർത്തിക്കരുതെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം മുഖ്യമന്ത്രിയ്ക്കായുള്ള പക്ഷം പിടിച്ചുള്ള പോസ്റ്ററുകൾ തെരുവിൽ നിറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാനും എഐസിസി നിരീക്ഷകർ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഘടകകക്ഷി നേതാക്കളെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഘടകകക്ഷി നേതാക്കളുടെയും നിയുക്ത കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും നിരീക്ഷകർ കേന്ദ്ര നേതൃത്വത്തെ അറിയിക്കും.